| 
                         
                        ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കേരളത്തിലെ നനവാര്‍ന്ന
                            നിത്യഹരിത വനങ്ങളിലും കാണുന്ന ചിരസ്ഥായിയായ വള്ളിച്ചെടിയാണ് തിപ്പലി. ഇതിന്‍റെ കായ്കളും,
                            വേരും ആയുര്‍വ്വേദ ചികിത്സാ സമ്പ്രദായത്തില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. കായ് ത്രിദോഷത്തിന്
                            അത്യുത്തമമാണ്. വാതം, കുഷ്ഠം, ജ്വരം, ക്ഷയം, മഹോദരം, പ്രമേഹം മുതലായ രോഗങ്ങള്‍ക്കുള്ള
                            പല ആയുര്‍വ്വേദ മരുന്നുകളിലും തിപ്പലിയുണ്ട്. മഞ്ഞപ്പിത്തം, സര്‍പ്പദംസനം, മൂത്രാശയ
                            രോഗങ്ങള്‍, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു.
                            ഇതിനെല്ലാം പുറമെ ഒരു നല്ല വാജീകരണ ഔഷധവുമാണ്. കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഔഷധാവശ്യത്തിനായി
                            കൃഷി ചെയ്യുന്നുണ്ട്. 
                        ആണ്‍ പൂവും പെണ്‍പൂവും വേറെ ചെടികളിലാണ് ഉണ്ടാവുന്നത്. തിരിയുടെ
                            രൂപവും നിറവും വ്യത്യസ്തമാണ്. ആണ്‍ പൂവിന്‍റെ തിരി കനം കുറഞ്ഞ് നീളത്തിലുള്ളവയാണ്.
                            മൂപ്പെത്തുന്നത്തോടെ മഞ്ഞ നിറമാകും. പെണ്‍പൂവിന്‍റെ തിരി ചെറുതും കനം കൂടിയവയുമാണ്.
                            മൂപ്പത്തുന്നതോടെ കറുപ്പുനിറമാകും. പെണ്‍ ചെടികളിലുള്ള കായ്‌കളാണ് മരുന്നിനായി വ്യാവസായികാടിസ്ഥാനത്തില്‍
                            ഉപയോഗപ്പെടുത്തുന്നത്. 
                        മണ്ണും
                            കാലാവസ്ഥയും 
                        വളക്കൂറും, നീര്‍വാര്‍ച്ചയുമുള്ള ലോലമണ്ണാണ് ഏറ്റവും അനുയോജ്യം.
                            ധാരാളം ജൈവാംശമുള്ള മണല്‍ മണ്ണിലും നന്നായി വളരും. തണല്‍ ഇഷ്ടപ്പെടുന്ന ഒരു സസ്യമായതുകൊണ്ട്
                            തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. ഉദ്ദേശം 25 ശതമാനമെങ്കിലും
                            തണല്‍ ഇതിന്‍റെ ഉല്‍പ്പാദനത്തിനും വളര്‍ച്ചയ്ക്കും അനുപേക്ഷണീയമാണ്. 
                        നടീല്‍വസ്തു 
                        മൂന്നോ-അഞ്ചോ മുട്ടുകളുള്ള വള്ളി തലകളാണ് നടാനുപയോഗിക്കുന്നത്.
                            മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ ഇങ്ങനെയുള്ള വള്ളിത്തല പോട്ടിംഗ് മിശ്രിതം നിറച്ച പോളിബാഗില്‍
                            നടണം. നിമാവിരയെ നിയന്ത്രിക്കുന്നതിന് സ്യുഡോമോണാസ് എന്ന ബാക്ടീരിയല്‍ മിശ്രിതം ഒരു
                            ചെടിക്ക് 10 ഗ്രാം എന്ന തോതില്‍ ചേര്‍ക്കുക. 
                        ഇനങ്ങള്‍ 
                        ഉയര്‍ന്ന ഉല്‍പാദന ശേഷിയുള്ള ‘വിശ്വം’ എന്ന തിപ്പലിയിനം
                            തുറസ്സായ സ്ഥലങ്ങളിലും തണലിലും കൃഷി ചെയ്യാന്‍ യോജിച്ച ഒന്നാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ
                            സംഭാവനയാണിത്. തുറസ്സായ സ്ഥലങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ഒരു ഹെക്ടറില്‍ നിന്നും 800-850
                            കി. ഗ്രാമും തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ ഒരു ഹെക്ടറില്‍ നിന്നും
                            350-400 കി. ഗ്രാമും വിളവ് ലഭിക്കും. 
                        നടീല്‍ 
                        കാലവര്‍ഷത്തിന്‍റെ ആരംഭത്തോടുകൂടി നടീല്‍ ആരംഭിക്കാവുന്നതാണ്.
                            നിലം 3-4 തവണ ഉഴുത് തയ്യാറാക്കി 1 മീറ്റര്‍ വീതിയും ആവശ്യത്തിന് നീളവുമുള്ള വാരങ്ങള്‍
                            എടുക്കണം. ഇതില്‍ 60*30 സെ.മീ. അല്ലെങ്കില്‍ 30*30 സെ.മീ. അകലത്തില്‍ ചെറിയ കുഴികളെടുക്കണം.
                            ഓരോ കുഴിയിലും 2 കി.ഗ്രാം വീതം ഉണക്കിപ്പൊടിച്ച കാലിവളം ചേര്‍ത്തശേഷം മണ്ണുമായി നല്ലവണ്ണം
                            കൂട്ടിക്കലര്‍ത്തണം. ഇപ്രകാരം തയ്യാറാക്കിയ കുഴികളില്‍ രണ്ടു തൈകള്‍ വീതം നടാം. വെള്ളം
                            വാര്‍ന്നുപോകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. രണ്ടു മാസത്തിലൊരിക്കല്‍ ചാണകത്തിന്‍റെ
                            സ്ലറി ഒഴിച്ച് കൊടുത്തതിനുശേഷം മണ്ണ് കൂട്ടിക്കൊടുക്കുന്നത് വിളവ് വര്‍ദ്ധിപ്പിക്കും.
                            ഒരു ഹെക്ടറില്‍ നടുന്നതിന് 12000 വേരുപിടിപ്പിച്ച വള്ളികള്‍ വേണ്ടിവരും. 
                        ജലസേചനം
                        
                     
                        തനിവിളയായി കൃഷി ചെയ്യുമ്പോള്‍ ആഴ്ച്ചയില്‍ ഒരു തവണ നനയ്ക്കണം.
                            തെങ്ങിന്‍ തോപ്പില്‍ ഇടവിള ആയിട്ടാണ് കൃഷി ചെയ്യുന്നതെങ്കില്‍ പ്രത്യകിച്ച് നന ആവശ്യമില്ല.
                            തെങ്ങ് നനയ്ക്കുന്നതോടൊപ്പം വളര്‍ച്ചയ്ക്കാവശ്യമായ ഈര്‍പ്പം ലഭിക്കും. വേനല്‍ക്കാലത്ത്
                            നനയക്കാന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ പുതയിടുന്നത് ജലനഷ്ടം കുറയ്ക്കാന്‍ സഹായിക്കും. 
                        വിളവെടുപ്പ് 
                        വേരുപിടിച്ച വള്ളികള്‍ നട്ടുകഴിഞ്ഞാല്‍ ആറാം മാസം മുതല്‍
                            തിരിയിടാന്‍ തുടങ്ങും. തിരി ഉണ്ടായി രണ്ടു മുതല്‍ രണ്ടര മാസത്തിനകം വിളവെടുപ്പ് നടത്താവുന്നതാണ്.
                            പഴുക്കാറായ കായ്കളാണ് പറിച്ചെടുക്കേണ്ടത്. തിരിയിട്ടുകഴിഞ്ഞാല്‍ രണ്ടോ മൂന്നോ പ്രാവശ്യമായി
                            ഓരോ ആഴ്ചയും വിളവെടുക്കാം. വിളവെടുത്ത തിരി തണലില്‍ രണ്ടാഴ്ച്ച ഉണക്കിയ ശേഷം വിപണനം
                            ചെയ്യാം. അഞ്ച് കിലോഗ്രാം പച്ച തിരി കായ് ഉണക്കിയാല്‍ ഒരു കിലോ ഉണക്കിയ തിരി ലഭിക്കും.
                            (5:1 അനുപാതം) 
                        മുകളിലേക്ക് |