ബുധന്‍ , മെയ്‌ 15, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > എണ്ണക്കുരുക്കള്‍ > എള്ള്

ശാസ്ത്രിയ നാമാം : സെസാമം ഇന്‍ഡികം

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് എള്ള് കൃഷിയ്ക്ക് യോജിച്ചത്‌. ക്ഷാരസ്വഭാവമുള്ള മണ്ണ് ഇതിന്റെ വളര്‍ച്ചയ്ക്ക് പറ്റിയതല്ല.

കൃഷിക്കാലം

താഴ്ന്ന നിലങ്ങള്‍:- ഡിസംബര്‍-ഏപ്രില്‍ (മൂന്നാംവിള), കരപ്പാടം ആഗസ്റ്റ്‌-സെപ്റ്റംബര്‍

ഇനങ്ങള്‍

കരപ്പാടം കൃഷിയ്ക്ക് 100-110 ദിവസം മൂപ്പുള്ള ഇനങ്ങളും താഴ്ന്ന നിലങ്ങളില്‍ 80-90 ദിവസം മൂപ്പുള്ളവയും ഉപയോഗിക്കാം.

കായംകുളം-1 ഓണാട്ടുകരയിലെ താഴ്ന്ന നിലങ്ങള്‍ക്ക് യോജിച്ചത്‌
കായംകുളം-2
(തിലോത്തമ)
ഓണാട്ടുകര നെല്‍പ്പാടങ്ങള്‍ക്ക് യോജിച്ചത്‌.
ഇലപ്പുള്ളിരോഗത്തിനെതിരെ പ്രതിരോധശേഷിയുണ്ട്.
ACV-1 ശുദ്ധ നിര്‍ദ്ധാരിത ഇനം. ഓണാട്ടുകര വേനല്‍കൃഷിക്ക്‌ യോജിച്ചത്‌.
ACV-2(സൂര്യ) ശുദ്ധ നിര്‍ദ്ധാരിത ഇനം. കരപ്പാടത്തിന് യോജിച്ചത്‌.
ACV-3(തിലക്) ശുദ്ധ നിര്‍ദ്ധാരിത ഇനം.  ഓണാട്ടുകര വേനല്‍കൃഷിക്ക്‌ യോജിച്ചത്‌.
തിലതാര(CST785*B14) ഓണാട്ടുകര നെല്‍പ്പാടങ്ങളില്‍ വേനല്‍കൃഷിക്ക്‌. 78 ദിവസം മൂപ്പ്. എണ്ണ 51.5%
OMT1165 ഓണാട്ടുകര ഉയര്‍ന്ന നിലങ്ങള്‍ക്ക് യോജിച്ചത്‌ (രണ്ടാംവിള) എണ്ണ 50.5%
തിലറാണി ഓണാട്ടുകര നെല്‍പ്പാടങ്ങ‍ളില്‍ വേനല്‍കൃഷിക്ക്‌.

നിലമൊരുക്കലും വിതയും

രണ്ടോ നാലോ തവണ ഉഴുത്‌ കട്ടയുടച്ച് നിലമൊരുക്കുക. ഹെക്ടറൊന്നിന് 4-5 കി.ഗ്രാം വിത്ത്‌ രണ്ടോ മൂന്നോ ഇരട്ടി മണലുമായി കലര്‍ത്തി ഒരേപോലെ വീഴത്തക്കവിധം വിതയ്ക്കണം. പല്ലി വലിച്ച് നിരപ്പലകകൊണ്ടമര്‍ത്തി വിത്ത്‌ മണ്ണിട്ട് മൂടുക.

വളപ്രയോഗം

ജൈവവളവും, രാസവളവും താഴെ പറയുന്ന അളവില്‍ ചേര്‍ക്കുക.

കാലിവളം/കമ്പോസ്റ്റ്‌ - 5 ടണ്‍/ഹെക്ടര്‍
N:P2O5:K2O - 30:15:30കി.ഗ്രാം/ഹെക്ടര്‍

കാലിവളം/കമ്പോസ്റ്റ്‌ അവസാനത്തെ ഉഴവോടെ അടിവളമായും രാസവളങ്ങള്‍ മണ്ണില്‍ ഈര്‍പ്പമുള്ളപ്പോഴും ചേര്‍ക്കണം. യൂറിയയാണ് അമോണിയം സള്‍ഫേറ്റിനേക്കാള്‍ നല്ലത്. നൈട്രജന്റെ 75% അടിവളമായി ചേര്‍ക്കുകയും ബാക്കിയുള്ളത് വിതച്ച് 20-35 ദിവസത്തിനുശേഷം ഇലകളില്‍ തളിച്ചു കൊടുക്കുകയും ചെയ്യാം. ഇതിന് 3% വീര്യമുള്ള യൂറിയ ലായനി ഉപയോഗിക്കാം. ഒരു ഹെക്ടറില്‍ തളിക്കാന്‍ 500 ലിറ്റര്‍ ലായനി വേണ്ടിവരും. വിതച്ച് 15 ദിവസത്തിനുശേഷവും 25-35 ദിവസത്തിനുശേഷവും കളയെടുക്കണം. ചെടിക്ക്‌ 15 സെ.മീ. ഉയരമാകുമ്പോള്‍ ചെടികള്‍ തമ്മില്‍ 15-25 സെ.മീ. അകലം വരത്തക്കവിധം കൂടുതലുള്ള ചെടികള്‍ പറിച്ചു മാറ്റണം.

ജലസേചനം

മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് കൂടുതലെങ്കിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ നനച്ചും കൃഷി ചെയ്യാം. കൂടുതലുള്ള ചെടികള്‍ പറിച്ചുമാറ്റിയതിനുശേഷം ആദ്യ നനയാകാം. പിന്നീട്‌15-20 ദിവസം ഇടവിട്ട് നനയ്ക്കാം. കായ്കള്‍ മൂത്തു തുടങ്ങുമ്പോള്‍ നന നിര്‍ത്തണം. നാല്-അഞ്ച് ഇല പരുവത്തിലും, ശിഖിരങ്ങള്‍ ഉണ്ടാകുന്ന സമയത്തും, പൂക്കുന്ന സമയത്തും കായ്‌ പിടിക്കുന്ന സമയത്തും നനയ്ക്കുന്നത് വിളവ് 35% മുതല്‍ 52% വരെ കൂടുന്നതിന് സഹായിക്കും. രണ്ട് തവണ നനയ്ക്കുവാന്‍ കഴിയുമെങ്കില്‍ അത് കായിക വളര്‍ച്ചയുടെ സമയത്തും പൂക്കുമ്പോഴും നല്‍കുന്നതും ഒരു നനയാണെങ്കില്‍ പൂക്കുന്ന സമയത്ത്‌ നല്‍കുന്നതുമാണ് ഉത്തമം.

സസ്യസംരക്ഷണം

ഇലയും കായും തിന്നു നശിപ്പിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുന്നതിന് ആക്രമണവിധേയമായ ഇലയും തണ്ടും മുറിച്ചു മാറ്റി 10% കാര്‍ബാറില്‍ പൊടി വിതറികൊടുക്കുക. ഗാളീച്ചയെ നിയന്ത്രിക്കുന്നതിന് 0.2% കാര്‍ബാറില്‍ തളിക്കുക.

വൈറസ്‌ രോഗമായ ഇല ചുരുളന്‍ നിയന്ത്രിക്കുന്നതിന് രോഗം ബാധിച്ച ചെടികള്‍ പിഴുത് നശിപ്പിക്കുക. ഇതേ രോഗം ബാധിച്ച മുളക്, തക്കാളി, സീനിയ തുടങ്ങിയ ചെടികള്‍ അടുത്തുണ്ടെങ്കില്‍ അവയും നശിപ്പിക്കേണ്ടതാണ്.

ഫില്ലോഡി രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം. രോഗബാധിതമായ ചെടികളില്‍ നിന്ന് വിത്തെടുക്കാനും പാടില്ല.

വിളവെടുപ്പ്‌

കായ്‌കള്‍ക്ക്‌ മഞ്ഞനിറമാകുമ്പോള്‍ ചെടികള്‍ പിഴുതെടുക്കണം. രാവിലെ വിളവെടുക്കേണ്ടതാണ്. വേരുകള്‍ മുറിച്ചുമാറ്റിയശേഷം കെട്ടുകളായി 3-4 ദിവസം വയ്ക്കുക. ഇലകള്‍ കൊഴിഞ്ഞുകഴിയുമ്പോള്‍ വെയിലത്ത്‌ നിരത്തി വടി കൊണ്ടടിച്ച് കായ്കള്‍ പൊട്ടിച്ച് വിത്തെടുക്കാം. മൂന്നു ദിവസം ഇതാവര്‍ത്തിക്കണം. ആദ്യത്തെ ദിവസം എടുക്കുന്ന എള്ള് വിത്തിനായി ഉപയോഗിക്കാം. വിത്ത്‌ സംഭരിച്ചു വയ്ക്കുന്നതിന് ഏതാണ്ട് 7 ദിവസത്തെ ഉണക്ക് വേണ്ടി വരും.

വിത്ത്‌ സൂക്ഷിക്കല്‍

പോളിത്തീന്‍ കൂടുകളിലോ തകരപ്പാത്രങ്ങളിലോ, മരപ്പാത്രങ്ങളിലോ, മണല്‍പാത്രങ്ങളിലോ വിത്ത് സൂക്ഷിച്ചാല്‍ ഒരു വര്‍ഷംവരെ അങ്കുരണശേഷി നില നില്ക്കും. ചാരമായി കലര്‍ത്തിയാല്‍ വിത്തിന്റെ അങ്കുരണശേഷി വളരെ കുറയുമെന്നതിനാല്‍ ഒരു കാരണവശാലും അത് പാടില്ല.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല