വെള്ളി, ഏപ്രില്‍ 19, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > പപ്പായ

പപ്പായ(കാരിക്ക പപ്പായ)

ഉഷ്ണമേഖലാ പ്രദേശത്ത്‌ വളരുന്ന ഒന്നാണ് പപ്പായ. കനത്തമഴയും വേനലിലെ കടുത്ത വരള്‍ച്ചയും കേരളത്തില്‍ ഇതിന്‍റെ വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക്‌ തടസ്സമായി നിലകൊള്ളുന്നു. കേരളത്തിലെ മിക്ക വീട്ടുവളപ്പുകളിലും ഈ പഴ വര്‍ഗ്ഗവിള കാണാറുണ്ട്. ഫലപുഷ്ടിയും നീര്‍വാര്‍ച്ചയുംഉള്ള മണ്ണാണ് ഇതിന്‍റെ കൃഷിക്ക്‌ യോജിച്ചത്‌. വെള്ളക്കെട്ടിനെ ചെറുത്തു നില്‍ക്കാനാവില്ല.

ഇനങ്ങള്‍

വാഷിങ്ടണ്‍, ഹണിഡ്യൂ, കൂര്‍ഗ് ഹണിഡ്യൂ, സോളോ,പൂസര്‍വാര്‍ഫ്, സൂര്യ, Co-2,Co-5, പൂസനന്‍ഹാ, പൂസജയന്‍റ് തുടങ്ങിയവ മുന്തിയ ഇനങ്ങളാണ്.

പപ്പെയിന്‍ (കറ) എടുക്കുന്നതിന് യോജിച്ച ഇനങ്ങളാണ് Co-2, Co-5 എന്നിവ.

പ്രവര്‍ദ്ധനം

വിത്തു വഴിയാണ് പ്രവര്‍ദ്ധനം. വിത്തു പാകാന്‍ പറ്റിയ സമയം ഫെബ്രുവരി – മാര്‍ച്ച് ആണ്. രണ്ടു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 15 സെ.മീ, ഉയരവും ഉള്ള വാരങ്ങളില്‍ അധികം ആഴത്തിലല്ലാതെ വിത്തു പാകം. വിത്തുകള്‍ തമ്മില്‍ 5 സെ.മീറ്ററും വരികള്‍ തമ്മില്‍ 15 സെ. മീറ്ററും അകലത്തിലാണ് വിത്തു പാകേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് വേണ്ട തായ്‌ ലഭിക്കാന്‍ 250 ഗ്രാം വിത്തു മതിയാകും. മഴയില്ലെങ്കില്‍ വിത്തുതവാരണ ദിവസവും നനച്ചു കൊടുക്കണം.

പോളിത്തീന്‍ കൂടുകളില്‍ (20*15 സെ.മീ. വലിപ്പം 150 ഗേജ് കട്ടി) വിത്തു പാകിയും തൈകള്‍ ഉണ്ടാക്കാം. മണ്ണും, മണലും, കാലിവളവും തുല്യ അളവില്‍ ചേര്‍ത്ത മിശ്രിതം കൊണ്ട് കൂടുകള്‍ നിറച്ച് ഓരോ കൂടിലും ഈ രണ്ടു വീതം നടാം. മുളച്ചു കഴിയുമ്പോള്‍ കരുത്തുള്ള ഒരു തൈ നിര്‍ത്തി ബാക്കിയുള്ളവ പിഴുതു മാറ്റണം. മൌണ്ട് ലെയറിംങ്ങ് എന്ന കായിക പ്രവര്‍ദ്ധന രീതിയും നിലവിലുണ്ട്.

നടീല്‍

50*50*50 സെ.മീ. അളവില്‍ 2*2 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് മേല്‍മണ്ണ് നിറയ്ക്കണം. രണ്ടുമാസം പ്രായമുള്ള തൈകള്‍ മെയ്‌-ജൂണ്‍ മാസങ്ങളില്‍ പ്രധാനകൃഷിയിടത്തില്‍ നടാം. ചെറുപ്രായത്തില്‍ തൈകളില്‍ ആണും, പെണ്ണും തിരിച്ചറിയാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട്ഓരോ കുഴിയിലും മൂന്നോ നാലോ തൈകള്‍ വീതം നടേണ്ടതാണ്. പറിച്ചുനടീല്‍ വെയിലാറിയശേഷം വൈകുന്നേരം നടത്തുന്നതാണ് കൂടുതല്‍ ഗുണകരം. വെയിലിനു ശക്തി കൂടുന്ന കാലങ്ങളില്‍ തൈ പിടിച്ചു കിട്ടുന്നത് വരെ അവയ്ക്ക് താല്‍ക്കാലികമായി തണല്‍ നല്‍കണം. ചെടികള്‍ പുഷ്പിച്ച് ലിംഗഭേദം തിരിച്ചറിഞ്ഞാല്‍ 10 പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍ചെടി എന്ന തോതില്‍നിര്‍ത്തി ബാക്കി ആണ്‍ചെടികളെല്ലാം മാറ്റിക്കളയേണ്ടതാണ്. അതുപോലെ തന്നെ ഒരു കുഴിയില്‍ ആരോഗ്യത്തോടുകൂടി വളരുന്ന ഒരു പെണ്‍ചെടി മാത്രം നിര്‍ത്തി ബാക്കിയുള്ളവ മാറ്റിക്കളയുന്നതും നല്ലതാണ്. ഇടവിട്ട് കളയെടുപ്പ് നടത്തുകയും വേണം. വേരുപിടിക്കുന്നത് വരെ ചെടികളെ ശക്തിയായ വെയിലില്‍ നിന്നും സംരക്ഷിക്കണം. ദ്വിലിംഗ ചെടികളാണെങ്കില്‍ ആണ്‍ തൈകള്‍ നിര്‍ത്തേണ്ട ആവശ്യമില്ല.

വളപ്രയോഗവും നനയും

മഴ ആരംഭിക്കുന്നതോടെ ചെടിയൊന്നിന് ഒരു വര്‍ഷം 10-25 കി. ഗ്രാം എന്ന തോതില്‍ ജൈവവളം തൈയുടെ ചുറ്റും തടമെടുത്തു ഇട്ടു കൊടുക്കണം. രാസവളം ചെടി ഒന്നിന് 40 ഗ്രാം N, 40 ഗ്രാം P2O5, 80 ഗ്രാം K2O എന്ന അളവില്‍ ഓരോ രണ്ടുമാസം കൂടുമ്പോഴും നല്‍കണം.

കളനിയന്ത്രണം ആവശ്യാനുസരണം ചെയ്യണം. രണ്ട് ഇടയിളക്കലും ആവശ്യമാണ്. തടമെടുത്തു നനയക്കുമ്പോള്‍ കടചീയല്‍ രോഗത്തിന് കൂടുതല്‍ സാദ്ധ്യതയുള്ളതുകൊണ്ട് കടയില്‍ നിന്നും നീക്കി വലയം പോലെ ചാലുകള്‍ തുറന്നു വേണം ജലസേചനം നടത്താന്‍. തൈകള്‍ നട്ട് ഏതാണ്ട് 6 മാസം വരെ ഇടവിളയായി പച്ചക്കറികള്‍ കൃഷി ചെയ്യാം.

വിളവെടുപ്പ്‌

നട്ട് 3-5 മാസത്തിനുള്ളില്‍ ചെടികള്‍ പൂത്ത്‌ കായ്‌പിടിക്കാന്‍ തുടങ്ങും. ഒരു വര്‍ഷം ഒരു ചെടിയില്‍ നിന്ന് 25 മുതല്‍ 30 കായ്‌കള്‍ ലഭിക്കും. മഞ്ഞനിറം കണ്ടുതുടങ്ങുമ്പോഴാണ് കായ്കള്‍ വിളവെടുക്കുക. പപ്പായ വളരെക്കാലം ഫലം തരുമെങ്കിലും 2 ½ -3 വര്‍ഷം വരെയുള്ള നല്ല വിളവ് ലഭിക്കുകയുള്ളൂ.

പപ്പെയിന്‍ എടുക്കുന്ന വിധം

പപ്പായയുടെ പാലില്‍ നിന്നും ലഭിക്കുന്ന ശക്തമായ ഒരു എന്‍സൈമാണ് പപ്പെയിന്‍. ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് വിപുലമായ തോതില്‍ പ്രയോജനപ്പെടുത്തുന്നു. കൂടാതെ വ്യാവസായികമായും ഇതിന് വളരെ അധികം ഉപയോഗങ്ങളുണ്ട്.  പകുതി മുക്കാല്‍ മൂപ്പെത്തിയ (കായ്‌ പിടിച്ച് ഏതാണ്ട് 70 മുതല്‍ 100 ദിവസം വരെ മൂപ്പെത്തിയ) പഴങ്ങളാണ് പാല്‍ എടുക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. കാലത്ത്‌ 10 മണിക്കുള്ളിലാണ് പാല്‍ എടുക്കേണ്ടത്‌. കായുടെ ഞെട്ട് മുതല്‍ അറ്റം വരെ തൊലി ഏതാണ്ട് 0.3 സെ.മീ. കനത്തില്‍ നാലുവശങ്ങളിലും ഏണുകളില്‍ ശ്രദ്ധാപൂര്‍വ്വം കീറുന്നു. ഇതിന് പുതിയ ബ്ലേഡോ, കനം കുറഞ്ഞ അലകുള്ള പേനാകത്തിയോ, ചെത്തി കൂര്‍പ്പിച്ച മുളക്കമ്പോ ഉപയോഗിക്കാവുന്നതാണ്. കീറിയ ഉടന്‍ തന്നെ പാല്‍ ഒഴുകുവാന്‍ തുടങ്ങും. ഇത് ചിരട്ടകളിലോ, അലുമിനിയം പാത്രങ്ങളിലോ സ്പടിക പാത്രങ്ങളിലോ ശേഖരിക്കാം. മറ്റ് ലോഹങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പാത്രങ്ങള്‍ ഉപയോഗിക്കരുത്‌. കാരണം അവ പാലുമായി പ്രതി പ്രവര്‍ത്തിച്ച് അതിനെ ഉപയോഗ്യശൂന്യമാക്കിത്തീര്‍ക്കുന്നു. പാല് എടുത്ത ഉടനെ വെയിലത്തു വെച്ചോ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ 50-55oC ഊഷമാവില്‍ ഉണക്കണം. വെയിലത്തോ കൃത്രിമഡ്രയറുകളിലോ ഉണക്കാം. കൂടുതല്‍കാലം പാല്‍ കേടുകൂടാതിരിക്കന്നതിന് ഉണങ്ങുന്നതിന് മുമ്പ്‌ അതില്‍ അല്പം പൊട്ടാസിയം മെറ്റാബൈസള്‍ഫേറ്റ് ചേര്‍ത്തിരിക്കണം. ചീട്ടുകളായി എളുപ്പത്തില്‍ അടര്‍ത്തിയെടുക്കാവുന്നതുവരെ പാല്‍ ഉണക്കണം. പിന്നീട് അരിച്ചെടുത്ത് പോളിത്തീന്‍ കവറുകളിലോ ചില്ല് പാത്രങ്ങളിലോ നിറച്ച് വായു കടക്കാതെ സീല്‍ ചെയ്ത് ആറുമാസം വരെ കെട് കൂടാതെ സൂക്ഷിക്കാം. മേല്‍ പറഞ്ഞരീതിയില്‍ ഒരു പഴത്തില്‍ നിന്നും 3-4 ദിവസം ഇടവിട്ട് മൂന്നോ നാലോ പ്രാവശ്യം പാല്‍ എടുക്കാം. പാല്‍ എടുത്ത പഴം തികച്ചും സ്വാദിഷ്ടമാണെങ്കിലും കാഴ്ചയില്‍ സ്വല്പം വൈകൃതം ഉണ്ടായിരിക്കുന്നതുകൊണ്ട് കുറച്ച് വിലയെ ലഭിക്കുകയുള്ളൂ. ഇങ്ങനെയുള്ള പഴങ്ങള്‍ ജാം മുതലായവ നിര്‍മ്മിക്കുന്ന ഫാക്ടറികളില്‍ ഉപയോഗിക്കാം.

സസ്യസംരക്ഷണം

തൈചീയല്‍

തവാരണയിലെ മണ്ണ് അണുവിമുക്തമാക്കുകയാണ് തൈചീയലിനുള്ള നിയന്ത്രണമാര്‍ഗ്ഗം 2.5% ഫോര്‍മാല്‍ഡിഹൈഡ്‌ ലായനി തളിച്ച് 48 മണിക്കൂര്‍ പ്ലാസ്റ്റിക്/ന്യൂസ്പേപ്പര്‍ കൊണ്ട് മൂടിയിടുക. വിത്ത്‌ പാകുന്നതിന് 15 ദിവസം മുന്‍പ്‌ ഇതു ചെയ്യണം.

കടചീയലും തണ്ടു ചീയലും

വെള്ളക്കെട്ടും നീര്‍വാര്‍ച്ചയില്ലായ്കയുമാണ് ഈ രോഗമുണ്ടാക്കുന്നത്. തടിയില്‍ ബോര്‍ഡോ കുഴമ്പ് പുരട്ടുകയും ബോര്‍ഡോ മിശ്രിതം കൊണ്ട് മണ്ണ് കുതിര്‍ക്കുകയും ചെയ്യുന്നത് രോഗം നിയന്ത്രിക്കുന്നതിന് ഉതകും.

ആന്ത്രക്നോസ്

മൂക്കാത്ത് കായ്കള്‍ വീണ്‌പോകുക, ഇല കൊഴിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. ഇത് നിയന്ത്രിക്കുന്നതിന് 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ മതി.

മൊസേക്ക് രോഗവും ഇലചുരുളലുമാണ് രണ്ട് പ്രധാന വൈറസ്‌ രോഗങ്ങള്‍. രോഗം ബാധിച്ച ചെടികള്‍ പിഴുതു മാറ്റി കത്തിച്ചുകളയണം.

മുകളിലേയ്ക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല