ശനി, ജൂണ്‍ 6, 2020 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > നാണ്യവിളകള്‍ > കരിമ്പ്‌

ഉഷ്ണമേഖലാപ്രദേശത്ത്‌ കൃഷി ചെയ്യാന്‍ യോജിച്ച വിളയാണ് കരിമ്പ്‌. നല്ല നീര്‍വാര്‍ച്ചയും ജലസേചന സൗകര്യവും ഉണ്ടെങ്കില്‍ എല്ലാത്തരം മണ്ണിലും ഇത് കൃഷി ചെയ്യാം. വര്‍ഷത്തില്‍ 750 മുതല്‍ 1200 മി.മീ. വരെ മഴ ലഭിക്കുന്നിടങ്ങളില്‍ കരിമ്പ്‌ വളരും.

പ്രധാനമായും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്താണ് കൃഷി ഇറക്കുന്നത്. നടുന്നതിലുണ്ടാവുന്ന കാലതാമസം കരിമ്പിന്റെ ഉല്പാദനത്തെയും പഞ്ചസാരയുടെ അളവിനെയും സാരമായി ബാധിക്കും. സമതലപ്രദേശങ്ങളില്‍ ഫെബ്രുവരിയോടു കൂടി നടീല്‍ കഴിഞ്ഞിരിക്കണം. മലമ്പ്രദേശങ്ങളില്‍ മഴയെ ആശ്രയിച്ചുള്ള കൃഷിയില്‍ വലിയ മഴയ്ക്ക് ശേഷമേ നടാവൂ.

ഇനങ്ങള്‍

ഇനം പ്രത്യേകത
Co-T188322 (മാധുരി) ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി
Co-92175 വരള്‍ച്ചയുള്ള സ്ഥലങ്ങളിലേക്ക്‌ യോജിച്ചത്
Co-740 കാലാക്കരിമ്പിന് പറ്റിയത്
Co-6907, Co-7405,കള്‍ച്ചര്‍ ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി
57/84(തിരുമധുരം) നല്ല മധുരമുള്ളത്
Co-88017(മധുമതി) ചെംചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷി, വരള്‍ച്ചയും
കള്‍ച്ചര്‍ 527/85(മധുരിമ) വെള്ളക്കെട്ടിനെ അതിജീവിക്കും

നിലം ഒരുക്കലും നടീലും

നിലം നല്ലവണ്ണം ഉഴുത്‌ നിരപ്പാക്കിയശേഷം ഹ്രസ്വകാല ഇനങ്ങള്‍ക്ക്‌ 75 സെ.മീ. അകലത്തിലും, മദ്ധ്യകാല ഇനങ്ങള്‍ക്ക്‌ 90 സെ.മീ. അകലത്തിലും, 25 സെ.മീ. താഴ്ച്ചയുള്ള പാത്തികള്‍ ഉണ്ടാക്കണം.

നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത് പാകമായ കരിമ്പിന്റെ മുകളിലത്തെ മൂന്നിലൊന്ന് ഭാഗത്തില്‍ നിന്നും എടുക്കുന്ന മൂന്നു കണ്ണുകള്‍ വീതമുള്ള തലക്കങ്ങള്‍ ആണ്. ഹ്രസ്വകാല ഇനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 54,000 തലക്കവും, മദ്ധ്യ-ദീര്‍ഘകാല ഇനങ്ങള്‍ക്ക്‌ 45,000 തലക്കവും ആവശ്യമാണ്‌.

നടുന്നതിനു മുമ്പ്‌ കുമിള്‍രോഗങ്ങള്‍ക്കെതിരെ ചെമ്പ്‌ അടങ്ങിയിട്ടുള്ള ഏതെങ്കിലും കുമിള്‍നാശിനിയില്‍ (0.25%) തലക്കങ്ങള്‍ മുക്കുന്നത് നല്ലതാണ്.

പാത്തിയില്‍ തലക്കങ്ങള്‍ ഒന്നിനുപുറമേ ഒന്ന് എന്ന ക്രമത്തില്‍ കിടത്തി നടണം. മുകുളങ്ങള്‍ വശങ്ങളിലേക്ക് വരത്തക്കവിധം തലക്കങ്ങള്‍ വയ്ക്കണം. അതിനുശേഷം മണ്ണിടാം. കുഴികളില്‍ നടുമ്പോള്‍ കുഴി ഒന്നിന് രണ്ടോ, മൂന്നോ തലക്കങ്ങള്‍ ആവാം.

വളപ്രയോഗം

ഹെക്ടറിന് 10 ടണ്‍ കാലിവളമോ/കമ്പോസ്റ്റോ, 5 ടണ്‍ പ്രസ്സ്‌ മഡ്ഡോ (കരിമ്പ്‌ ഫാക്ടറികളില്‍ നിന്നുള്ള അവശിഷ്ടം) 500 കി. ഗ്രാം ഡോളോമൈറ്റോ, 750 കി.ഗ്രാം കുമ്മായമോ ചേര്‍ക്കണം. കൂടാതെ ഇനി പറയുന്ന തോതില്‍ NPK വളങ്ങളും ആവശ്യമാണ്.

പാക്യജനകം ഭാവഹം ക്ഷാരം (കി.ഗ്രാം/ഹെക്ടര്‍)
പന്തളം, തിരുവല്ല പ്രദേശങ്ങള്‍ 165 82.5 82.5
ചിറ്റൂര്‍ 225 75 75
പുതുതായി വെട്ടിതെളിച്ചുള്ള വനപ്രദേശം 115 75 90

കുറിപ്പ്‌ :

 1. കുമ്മായം, ഡോളമൈറ്റ്, കാത്സ്യം കാര്‍ബണേറ്റ് എന്നിവ നിലം ഒരുക്കുന്നതിന് മുമ്പാണ് ചേര്‍ക്കേണ്ടത്.
 2. കമ്പോസ്റ്റ്‌, കാലിവളം, പ്രസ്സ്‌മഡ്ഡ് തുടങ്ങിയവ നടുന്നതിനന് മുമ്പ്‌ അടിവളമായി പാത്തികളില്‍ ഇടണം.
 3. പാക്യജനകവും, ക്ഷാരവും രണ്ട് തുല്യ തവണകളായി -നട്ട് 45-90 ദിവസങ്ങള്‍ കഴിഞ്ഞ് (മണ്ണിളക്കുന്നതോടൊപ്പം) ചേര്‍ക്കണം.
 4. നട്ട് 100 ദിവസങ്ങള്‍ക്ക് ശേഷം പാക്യജനകവളം ചേര്‍ക്കരുത്.
 5. ഭാവഹവളം മുഴുവനും അടിവളമായി നല്‍കേണ്ടതാണ്.
 6. കരിമ്പ്‌ ധാരാളമായി കൃഷി ചെയ്യുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മേഖലയില്‍ സാധാരണയായി നടുന്നതിനുമുമ്പ്‌ തലക്കങ്ങള്‍ 500 ഗ്രാം അസോസ്പൈറില്ലം എന്ന ജീവാണുവളം കൊണ്ട് പരിചരിക്കുകയും, കൂടാതെ ഹെക്ടറോന്നിന് 5 കി. ഗ്രാം വീതം മണ്ണില്‍ ചേര്‍ക്കുന്നതും പതിവാണ്. ഇവിടെ പാക്യജനകം രാസവളമായി നല്‍കുന്നത് ഹെക്ടറിന് 175 കി. ഗ്രാം എന്ന തോതില്‍ മതിയാകും.
 7. ഹെക്ടറിന് 10 ടണ്‍ പ്രസ്സ്‌മഡ്ഡ് ചേര്‍ക്കുമ്പോള്‍ ഭാവഹവളത്തിന്റെ തോത് പകുതിയായി കുറയ്ക്കാം.

കൃഷിപ്പണികള്‍

നട്ട് 45-90 ദിവസങ്ങള്‍ക്ക് ശേഷം വളപ്രയോഗത്തിനു മുമ്പായി കളയെടുക്കണം. ആദ്യത്തെ കളയെടുപ്പ് വാരങ്ങളില്‍ തൂമ്പകൊണ്ടും, പാത്തികളില്‍ കൈ കൊണ്ടും വേണം നടത്താന്‍. പാത്തികളില്‍ മണ്ണുവീണ് മൂടുന്നത് ചിനപ്പ്‌ പൊട്ടുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കിളയ്ക്കുന്നത് ശ്രദ്ധിച്ചുവേണം. രണ്ടാമത്തെ തവണ കളയെടുക്കുമ്പോള്‍ കുറച്ച് മണ്ണുകൂട്ടി കൊടുക്കുന്നത് വൈകിയുള്ള ചിനപ്പുപൊട്ടല്‍ ഒഴിവാക്കാന്‍ സഹായിക്കും. കാലവര്‍ഷത്തോടെ ഒരു തവണകൂടി മണ്ണുകൂട്ടികൊടുക്കുന്നത് കരിമ്പ്‌ ചെരിഞ്ഞുവീഴാതിരിക്കാന്‍ അത്യാവശ്യമാണ്. ഈ സമയത്ത്‌ തന്നെ ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്യുന്നത് കക്ഷമുകുളങ്ങളുടെ വളര്‍ച്ചയും കീടബാധയും തടയുന്നതിന് ഉപകരിക്കും. അധികമായി വളരുന്ന ചൊട്ടകള്‍ ഒടിച്ചുകളഞ്ഞ് കരിമ്പിന്റെ തന്നെ ഉണങ്ങിയ ഇലകള്‍ കൊണ്ട് ചുറ്റികെട്ടിയോ, ഊന്നുകൊടുത്തോ ചെരിഞ്ഞു വീഴുന്നത് തടയാം.

നട്ട് മൂന്നു ദിവസങ്ങള്‍ക്കുശേഷം നിര്‍ഗ്ഗമനോത്തര കലനാശിനിയായ അട്രാസീന്‍ ഹെക്ടറിന് 2 കി. ഗ്രാം വിഷവസ്തു എന്ന തോതില്‍ തളിച്ചുകൊടുക്കാം.

ഇടവിള

ജലസേചിത കൃഷിയില്‍ ഹ്രസ്വകാല പയറുവര്‍ഗ്ഗവിളകള്‍ കൃഷി ചെയ്യാം. കരിമ്പ്‌ നടുന്നതിന് ഒരു മാസം മുമ്പായി വാരങ്ങളില്‍ പയറുവിത്ത്‌ വിതയ്ക്കണം. പച്ചിലവളത്തിനായി ചണമ്പും കൃഷി ചെയ്യാം.

മഴയുടെ ലഭ്യതയനുസരിച്ച് ജലസേചനം 8-10 തവണ എന്ന തോതില്‍ ക്രമീകരിക്കാം. ചിറ്റൂര്‍ പ്രദേശത്ത്‌ കൂടുതല്‍ നന ആവശ്യമാണ്‌. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പലതവണ നനയ്ക്കേണ്ടിവരും. പക്ഷേ മുളയ്ക്കുന്ന സമയത്ത്‌ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാവരുത്. ഒന്നിടവിട്ടുള്ള പാത്തികളില്‍ കരിമ്പോലകൊണ്ട് പുതയിട്ട് നനയ്ക്കുന്നതുകൊണ്ട് ജലസേചനത്തിനാവശ്യമായ വെള്ളത്തിന്റെ തോതില്‍ ഏകദ്ദേശം 41 ശതമാനത്തോളം കുറവ്‌ വരുത്താം.

സസ്യ സംരക്ഷണം

കീടങ്ങള്‍

തണ്ടുതുരപ്പന്‍ (നേരത്തേ ആക്രമിക്കുന്നതും, വൈകി ആക്രമിക്കുന്നതുമായി രണ്ട് തരം ഉണ്ട്), മീലിമുട്ട, ചിതല്‍, എലി എനിവയാണ് കരിമ്പിന്റെ പ്രധാന ശത്രുകീടങ്ങള്‍.

സംയോജിത കീടനിയന്ത്രണം

കീടബാധയില്ലാത്ത തലക്കങ്ങള്‍ നടാനുപയോഗിക്കുക, കൃഷിയിടത്തിലും, കൃഷി രീതിയിലും ശുചിത്വം പാലിക്കുക, എലിക്കെണികളോ, എലിവിഷമോ ഉപയോഗിച്ച് എലികളെ നിയന്ത്രിക്കുക, പാത്തിയുള്ള ചിതലിനെയും, പുഴുവിനെയും നിയന്ത്രിക്കുന്നതിനായി 10 ശതമാനം കാര്‍ബാറില്‍ വിതറികൊടുക്കുക എന്നിവയാണ് സംയോജിത കീടനിയന്ത്രണത്തിലെ പ്രധാന നടപടികള്‍.

രോഗങ്ങള്‍

ചെംചീയല്‍

കരിമ്പിന്റെ തണ്ട് ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം. ഇത്തരം തണ്ടുകള്‍ പൊളിച്ചുനോക്കിയാല്‍ ഉള്‍വശത്ത് കടുത്ത ചുവപ്പുനിറവും കുറുകെ വെളുത്ത പാടുകളും കാണാം. കൂടാതെ ദുര്‍ഗന്ധവും ഉണ്ടാകും. രോഗം ബാധിച്ച തലക്കങ്ങള്‍ നടുന്നതിലൂടെയും, ഒഴുകുന്ന വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ചുവടെ ചേര്‍ക്കുന്നു.

 1. രോഗം ബാധിച്ച കരിമ്പ്‌ എത്രയും പെട്ടെന്ന് വെട്ടിയെടുക്കണം. വിളവിലും ഗുണമേന്മയിലുമുള്ള നഷ്ടം കുറയ്ക്കുന്നതിനും, രോഗം പടരാതിരിക്കുന്നതിനും ഇത് സഹായിക്കും. വിളവെടുത്തതിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ മുഴുവനായും കത്തിച്ചു കളയണം.
 2. ഏതെങ്കിലും ചെടിയില്‍ രോഗം കാണുകയാണെങ്കില്‍ ഉടനെ തന്നെ അവ വേരോടെ പിഴുതെടുത്ത് കത്തിച്ചു കളയണം.
 3. രോഗം ബാധിച്ച വിളയില്‍നിന്ന് കാലാക്കരിമ്പു കൃഷി (കുറ്റിവിള) (rattoon) ചെയ്യരുത്‌.
 4. രോഗബാധിത പ്രദേശത്ത് നിന്നും മറ്റു പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃഷിയിടത്തില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കുന്നതിന് നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തണം.
 5. രോഗം കൂടുതലുള്ള പ്രദേശങ്ങളില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കരിമ്പിനുപകരം നെല്ലോ, മരച്ചീനിയോ കൃഷി ചെയ്യുക.
 6. രോഗബാധയുള്ള ചെടികളില്‍ നിന്നോ, പ്രദേശങ്ങളില്‍ നിന്നോ നടാനുള്ള തലക്കങ്ങള്‍ എടുക്കാതിരിക്കുക.
 7. രോഗബാധിത പ്രദേശങ്ങളില്‍ നീന്നും നടീല്‍ വസ്തുക്കള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍/ചട്ടങ്ങള്‍ ഏര്‍പ്പെടുത്തണം.
 8. പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.
 9. നടുന്നതിന് മുമ്പ്‌ തലക്കങ്ങളുടെ മുറിഭാഗം ചെമ്പ്‌ ചേര്‍ന്ന ഏതെങ്കിലും കുമിള്‍നാശിനിയില്‍ മുക്കുക.
 10. പകരുന്ന ഗ്രാസ്സിസ്റ്റണ്ട്, കാലാക്കരിമ്പ്‌ മുരടിപ്പ്‌ എന്നീ വൈറസ്‌ രോഗങ്ങളെ താപപരിചരണം കൊണ്ട് നിയന്ത്രിക്കാം. രോഗബാധയില്ലാത്ത തലക്കങ്ങളുടെ ഉപയോഗം, പ്രതിരോധശേഷിയുള്ള ഇനങ്ങളുടെ കൃഷി, യഥാസമയം കലര്‍പ്പുകള്‍ നീക്കം ചെയ്യല്‍ എന്നിവയിലൂടെയും ഈ രോഗങ്ങളെ നിയന്ത്രികാവുന്നതാണ്.

വിളവെടുപ്പ്‌

മൂപ്പെത്തിയ ഉടനെതന്നെ വിളവെടുക്കണം. വിളവെടുപ്പ്‌ വൈകിയാല്‍ കരിമ്പിന്റെ വിളവും അതുവഴി പഞ്ചസാരയുടെ മൊത്തം ലഭ്യതയും കുറയും.

കാലാക്കരിമ്പ്‌ (കുറ്റിവിള) (Ratoon Crop)

രണ്ടുതവണയില്‍ കൂടുതല്‍ ശുപാര്‍ശ ചെയ്തിട്ടില്ല. വിളവെടുപ്പിനുശേഷമുള്ള ഉണങ്ങിയ കരിമ്പോല നിരത്തിയിട്ടതിനുശേഷം തീയിടണം. തറനിരപ്പിനോട് ചേര്‍ന്ന് വിളവെടുക്കാത്ത സ്ഥലങ്ങളില്‍ മൂര്‍ച്ചയുള്ള മണ്‍വെട്ടികൊണ്ട് കാലാ വെട്ടിയ കുറ്റി സമനിരപ്പായി നിര്‍ത്തി ചെത്തിമാറ്റുക.

ഇടപോക്കല്‍

മുളവരാത്ത ഓരോ 50 സെ.മീ. അകലത്തിനും മൂന്ന് മുകുളങ്ങളുള്ള ഒരു തലക്കം എന്ന തോതില്‍ നടാം.

കാലാക്കരിമ്പിന്റെ വളപ്രയോഗം

ഹെക്ടറിന് 4 ടണ്‍ കരിമ്പോല കൊണ്ട് പുതയിടുകയാണെങ്കില്‍ രാസവളം സാധാരണ വിളയ്ക്ക്‌ ശുപാര്‍ശ ചെയ്തിട്ടുള്ള തോതില്‍ (225:75:75) മാത്രമെ ആവശ്യമുള്ളൂ.

ആദ്യവിളയുടെ വിളവെടുപ്പിനുശേഷം 25-75ഉം ദിവസം ആകുമ്പോള്‍ കാലാകരിമ്പിന് വളം ചേര്‍ക്കണം. ആദ്യഗഡുവായി പാക്യജനകം, പൊട്ടാഷ്‌ എന്നിവയുടെ പകുതിവീതവും, ഭാവഹം മുഴുവനായും നല്‍കണം. ശേഷിക്കുന്ന വളം രണ്ടാം ഗഡുവായി നല്‍കാം. ആദ്യത്തെതവണ വളംചേര്‍ത്ത്‌ മണ്ണില്‍ കിളച്ചുചേര്‍ക്കുകയും, രണ്ടാമത്തെ തവണ വളം കടയ്ക്ക് ചുറ്റും വിതറി മണ്ണിട്ടുകൊടുക്കുകയും വേണം. ഇതിനോടൊപ്പം കളകളും നീക്കം ചെയ്യണം. പ്രധാനവിളയ്ക്കെന്നപോലെ ജലസേചനവും ആവശ്യമാണ്.

മുകളിലേക്ക്

Admin Login

പകര്‍പ്പവകാശം ©2019. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല